ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറബികളും മറ്റ് വിദൂര ദേശങ്ങളില്‍ നിന്നുള്ളവരും തടികൊണ്ടുള്ള പണിത്തരങ്ങളും മലഞ്ചരക്കുകളും കയറ്റി കൊണ്ടുപോയിരുന്നത് മലബാറിന്റെ തീരപ്രദേശത്ത് പേരുകേട്ട അഴീക്കല്‍ തുറമുഖത്തു നിന്നായിരുന്നു. അഴി-പ്രദേശം എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ ഗ്രാമത്തിന് അഴീക്കോടെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചെറുകപ്പലുകളും ഉരുവും വന്നടുക്കുന്ന കപ്പക്കടവു പ്രദേശത്തിനും കപ്പല്‍ അടുക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാവാം ഈ പേര് ലഭിച്ചത്. പഴയ ചിറക്കല്‍ കോവിലകത്തിന്റെയും, നാടുവാഴികളുടെയും അധീനതയിലായിരുന്ന ഈ ഗ്രാമം തികച്ചും കാര്‍ഷിക സമ്പദ്ഘടനയെ ആശ്രയിച്ചായിരുന്നു നിലനിന്നുപോന്നത്. നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും നാടായ അഴീക്കോട് അതിപുരാതനവും അപൂര്‍വ്വവുമായ ഒട്ടനവധി തെയ്യങ്ങളുടേയും തിറകളുടേയും നാടു കൂടിയാണ്. ഈ പഞ്ചായത്തിന്റെ ഭൂമിയുടെ ഉടമസ്ഥത പഴയകാലത്ത് നാലോ അഞ്ചാ ദേവസ്വങ്ങളുടേയും, ചില ജന്മികളുടേയും, ചിറക്കല്‍ കോവിലകത്തിന്റേയും, അറക്കല്‍ രാജാവിന്റേയും കൈകളിലായിരുന്നു. ബ്രിട്ടീഷ് ശക്തികളുടെ ആഗമനത്തോടെ പഴയകാല സാംസ്കാരികതനിമകളും കലാരൂപങ്ങളും മറ്റും കൈമോശം വന്നുപോയെങ്കിലും ഇന്നും പ്രാചീനമായ ഇത്തരം കലാരൂപങ്ങളുടെ അവതരണങ്ങള്‍ ക്ഷേത്രോത്സവങ്ങളിലും മറ്റ് പ്രാദേശികമായ തിറകളിലും കാണാന്‍ കഴിയുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ആഗമനത്തിന് മുമ്പ് ചിറക്കല്‍ തമ്പുരാന്റെ സേനയില്‍ നെടുംതൂണായി പ്രവര്‍ത്തിക്കുകയും മാടായിക്കോട്ടയുടെ സംരക്ഷകനായി കഴിയുകയും ചെയ്തിരുന്ന അഴീക്കോട് വാസിയായിരുന്ന മുരിക്കഞ്ചരി കേളു, തമ്പുരാനുമായി ഇടയുകയും സൈന്യവുമായി സുധീരം ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്ത കഥ നാടന്‍പാട്ടുകളിലും മറ്റും കേള്‍ക്കാം. പ്രസിദ്ധമായ വന്‍കുളം നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്ന് ഐതിഹ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ പാലക്കാട് കേന്ദ്രീകരിച്ച്, ജാതീയമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പത്രം നടത്തിയ ആളായിരുന്നു അഴീക്കോട്ടുകാരനായ പൊന്മഠത്തില്‍ കൃഷ്ണസ്വാമി. അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വാഗ്ഭടാനന്ദസ്വാമികളെ പ്രേരിപ്പിച്ചതും പൊന്മഠത്തില്‍ കൃഷ്ണസ്വാമിയായിരുന്നുവെന്നു പറയപ്പെടുന്നു. ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഴീക്കോട് പ്രദേശത്ത്, സാമൂഹ്യപരിഷ്ക്കരണത്തില്‍, പ്രത്യേകിച്ച് അയിത്തം, വിഗ്രഹാരാധന എന്നിവക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ഭടാനന്ദഗുരുവിന്റെ ശിഷ്യനായ എം.ടി.കുമാരന്‍ മാസ്റ്റര്‍ കേരളത്തിലുടനീളം ആത്മവിദ്യാസംഘത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും കലാസാഹിത്യസദസ്സുകളിലും മറ്റും ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തുന്നതിലും ശ്രദ്ധേയനായിരുന്നു. സ്വാമി ബ്രഹ്മവ്രതന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആനന്ദസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പഞ്ചായത്തില്‍ നല്ല വേരോട്ടം കിട്ടിയിരുന്നു. ഇക്കാലത്തു തന്നെ അയിത്തത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍, പ്രത്യേകിച്ചും മിശ്രഭോജനവും ക്ഷേത്രക്കുളത്തിലെ പൊതുസ്നാനം സംഘടിപ്പിക്കുന്നതിലും മുന്നാട്ടു വന്ന്, ഒട്ടനവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ധീരന്‍മാര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പൊതുനിരത്തില്‍ക്കൂടി എല്ലാവര്‍ക്കുമൊപ്പം നടന്നുപോകാനും പൊതുകിണറുകളില്‍ നിന്നും വെള്ളം കോരുന്നതിനും സ്വാതന്ത്യ്രമില്ലാതിരുന്ന, വെറും അടിമകളെപ്പോലെ കഴിയേണ്ടിവന്നിരുന്ന ഹരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പച്ച കൃഷ്ണന്‍മാസ്റ്റര്‍ നടത്തിയ മിശ്രഭോജനം വമ്പിച്ച ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. അതുപോലെ മൊളോളംകുളത്തില്‍ കുളിച്ചതിന്ന് ജയിലില്‍ പോകേണ്ടിവന്ന ചെറുപ്പക്കാരായ രണ്ട് താഴ്ന്ന ജാതിക്കാര്‍ക്ക്, അതിന് ആവേശം പകര്‍ന്നുകൊടുത്ത സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ നായകര്‍ ഈ പ്രദേശത്തിനാകെ അഭിമാനമായിരുന്നു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ അക്കാലത്ത് മുന്നാട്ടു വന്നവരില്‍ അഴീക്കല്‍ സ്വദേശിയായ പി.കെ.ഗോപാലശര്‍മ്മയെ പോലുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് എല്ലാ വിഭാഗക്കാര്‍ക്കും, പ്രത്യേകിച്ച് ഹരിജനങ്ങള്‍ക്ക്, നാട്ടിലെ നാനാമുഖമായ പ്രവര്‍ത്തനമേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് വിവാഹങ്ങളിലും ഉത്സവങ്ങളിലും സാമൂഹ്യരാഷ്ട്രീയ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭ്യമാക്കിയത്. ഈ പ്രവര്‍ത്തനങ്ങളില്‍ പഴയകാലത്ത് ഈ പ്രദേശത്ത് നേതൃനിരയിലുണ്ടായിരുന്നവരില്‍ രാമുണ്ണി വൈദ്യര്‍, കല്ലേന്‍ കുഞ്ഞിരാമന്‍, പനയന്‍ ദാമു എന്നിവര്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. അക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജന്‍മിത്തത്തിനും ഫ്യൂഡല്‍ വാഴ്ചക്കുമെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് കൊണ്ട് സമരം നടത്തിപ്പോന്നിരുന്നു. ഇവിടുത്തെ ഭൂമിയുടെ ആധിപത്യം ചിറക്കല്‍-അറക്കല്‍ രാജവംശങ്ങള്‍, അക്ളിയത്ത് ദേവസ്വം, ചില ജന്മികുടുംബങ്ങള്‍ എന്നിവരില്‍ ഒതുങ്ങിനിന്നിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പ്രായോഗികമാക്കുന്നതിനും വാരം, പാട്ടം എന്നിവ അവസാനിപ്പിക്കുന്നതിനും എ.കെ.ജിയെ പ്പോലുള്ളവര്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പി.വി.ചാത്തുനായര്‍, സി.ഗോപാലന്‍ നമ്പ്യാര്‍, പി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കണ്ടഞ്ഞാറ്റല്‍ കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങി ധാരാളം പേരുണ്ട്. ട്രേഡ്യൂണിയന്‍ മേഖലകളിലും അക്കാലത്ത് അഴീക്കോട്ട് കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നു. ട്രേയിഡ് യൂണിയന്റെ ആദ്യകാലനേതാക്കളില്‍ പി.വി.ചാത്തുനായര്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിയാണ്. ട്രേയിഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യകാലത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ പി.കൃഷ്ണപിള്ള അഴീക്കോട് സന്ദര്‍ശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമ്പദ്ഘടനയില്‍ വ്യാവസായിക മേഖലയില്‍, കുഴിത്തറിയില്‍ നിന്നും കൈത്തറിയിലേക്കുള്ള വളര്‍ച്ച ഒരു വലിയ ഗുണപരമായ മാറ്റമായിരുന്നു. അക്കാലത്ത് കൈത്തറി മേഖലയില്‍ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, കൈത്തറിരംഗത്തെ കണ്ണൂരിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ വന്‍സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച എ.കെ.നായര്‍ അഴീക്കോടിന്റെ വിവിധ മേഖലകളില്‍ വികസനത്തിന് ഒരു പുതിയ പാത തന്നെ വെട്ടിത്തുറക്കുവാന്‍ ശ്രമിച്ച വ്യക്തിയാണ്. 1937-ല്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നാമതായി രൂപീകരിക്കപ്പെട്ട അഴീക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എ.കെ.നായരായിരുന്നു. 1953 മെയ് 29-ന് എന്‍.കൃഷ്ണന്‍ പ്രസിഡന്റായി ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരികയുണ്ടായി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന് ഈ രാജ്യത്ത് മാത്രമല്ല, ലോക നിലവാരത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമായ സുകുമാര്‍ അഴീക്കോട് എന്ന മഹത്വ്യക്തിയ്ക്കു ജന്മം നല്‍കിയ നാടാണ് അഴീക്കോട്. രാജ്യത്തെമ്പാടും ആഞ്ഞടിച്ച സ്വാതന്ത്ര്യസമരത്തിന്റെ കാറ്റ് അഴീക്കോട് പ്രദേശത്തുണ്ടാക്കിയ പ്രതികരണം ശക്തമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ പില്‍ക്കാല നായകന്‍മാരില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അഴീക്കോട്ടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടി.വി.അനന്തന്‍ ദേശീയസമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വൃക്തിയായിരുന്നു. മാക്കുനി കൃഷ്ണന്‍ നമ്പ്യാര്‍, പി.വി. കുഞ്ഞിരാമന്‍ ഗുരുക്കള്‍, മാവില ഗോവിന്ദന്‍ നമ്പ്യാര്‍ തുടങ്ങിയവരും ഈ സമരത്തില്‍ സജീവമായിരുന്നു.